വലിയ വിടര്‍ന്ന കണ്ണുകള്‍ അടച്ചു വെച്ച് അവള്‍ സീറ്റ് ല്‍ ചാരി ഇരുന്നു ഉറങ്ങുകയാണ്. ചിലപ്പോള്‍ ഉറങ്ങുകയാണ് എന്ന് ഭാവിക്കുന്നതും ആകാം. വെളുപ്പാന്‍ കാലത്തെ തണുപ്പുള്ള കാറ്റില്‍ നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടിയിഴകള്‍ പാറിപ്പറക്കുന്നു. ഈ നിമിഷം ഞാന്‍ കേള്‍ക്കുന്ന ശബ്ദം. അത് ചക്രങ്ങള്‍ പാളത്തില്‍ ഉരയുമ്പോള്‍ ഉള്ള തീവണ്ടിയുടെ ഞെരക്കമല്ല. ഇത് പ്രണയത്തിന്റെ സിംഫണി ആണ് സിംഫണി.!
അവധി ദിനത്തിന്റെ ആലസ്യത്തില്‍ ആളൊഴിഞ്ഞു കിടക്കുകയാണ് മിക്ക compartmentകളും . വെളുപ്പിന് ആലുവയില്‍ നിന്നും ഇന്റര്‍സിറ്റി ക്ക് കേറുമ്പോള്‍ തന്നെ കാതില്‍ ഹെഡ് ഫോണ്‍ തിരുകി അലസമായിരിക്കുന്ന ഈ പെണ്‍കുട്ടിയെ ശ്രദ്ധിച്ചിരുന്നു.
സുന്ദരിക്കുട്ടി !
തിരുവനന്തപുരം പോയി ഇന്റര്‍വ്യൂ എടുക്കാന്‍ പറഞ്ഞ പ്രോഗ്രാമിംഗ് ഹെഡ് നോട് പോലും അളവറ്റ സ്നേഹം തോന്നി പോയ നിമിഷം. ജാഡ കാണിച്ചു ആദ്യം അപ്പുറത്ത് ചെന്നിരിക്കാന്‍ ശ്രമിച്ചെങ്കിലും ആ വലിയ കണ്ണുകളുടെ കാന്ത വലയത്തില്‍ നിന്നും രക്ഷപെടാനായില്ല. തിരികെ വന്നു കോണോടു കോണ്‍ ചേര്‍ന്നിരുന്നു. അകലെ എവിടെയോ ഒരു ചൂളം വിളി മുഴങ്ങി. അവളുടെ മുഖം നോക്കി ഞാന്‍ മനസ്സില്‍ പറഞ്ഞു.
''നമ്മള്‍ യാത്ര തുടങ്ങുകയാണ്..''
വാരണം ആയിരം കണ്ടപ്പോള്‍ മുതലുള്ള കൊതിയാണ് സമീര യെ പോലെ ഒന്നിനെ സഹയാത്രികയായി കൂടെ കിട്ടിയിരുന്നെങ്ങില്‍ എന്ന്.
ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി. ആ നോട്ടം പോലും അവളുടെ മൃദുല മേനിയെ നോവിക്കും എന്ന് എനിക്ക് പേടിയുണ്ടായിരുന്നു. അവള്‍ ബാഗ് തുറന്നു ഏതോ ഒരു നോട്ട്ബുക്ക് എടുത്തു. വടിവൊത്ത അക്ഷരങ്ങളില്‍ എന്തൊക്കെയോ കോറിയിട്ടിരിക്കുന്നു . കാതില്‍ ഹെഡ് ഫോണ്‍ തിരുകിയിരിക്കുന്ന അവള്‍ എന്തിനാണ് ഇപ്പോള്‍ നോട്ട് ബുക്ക് എടുത്തത് ? അപരിചിതനായ ഒരു പുരുഷന്റെ സാമീപ്യം അവളില്‍ ഉണ്ടാക്കുന്ന അസ്വസ്ഥത ഓര്‍ത്തപ്പോള്‍ എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നി. കയ്യില്‍ ഒരു ഗിറ്റാര്‍ ഉണ്ടായിരുന്നെങ്ങില്‍ ഈ നിമിഷം ഞാന്‍ ഉറക്കെ പാടിപ്പോയേനെ.
''നെഞ്ചുക്കുല്‍ പെയ്തിടും മാമഴൈ.. ''
എങ്ങോട്ട് പോകുന്നു ? അങ്ങനെ ചോദിച്ചു തുടങ്ങിയാലോ ? വേണ്ട അതറിഞ്ഞിട്ടു ഇപ്പൊ തനിക്കെന്തു വേണം എന്നെങ്ങാനും അവള്‍ ചോദിച്ചാല്‍ പിന്നെ പണി പാളും. കുറച്ചു കൂടി നല്ല ചോദ്യത്തിന് വേണ്ടി ഞാന്‍ നട്ടം തിരിഞ്ഞു.
ഈ വണ്ടി എപ്പോ തിരുവനന്തപുരം എത്തും ?
കൊള്ളാം. നിഷ്കളങ്കമായ ആ ചോദ്യത്തില്‍ നിന്ന് തന്നെ തുടങ്ങാം. അതാകുമ്പോ ഇയാളും തിരുവനന്തപുരം തന്നെ ആണോ ? അവിടെ എന്ത് ചെയ്യുന്നു ? ഉറങ്ങിപ്പോയ ഒന്ന് വിളിക്കുവോ എന്നൊക്കെ പറഞ്ഞു പിടിച്ചു കേറാനുള്ള സ്കോപ് ഉണ്ട്.
ഞാന്‍ പുറത്തേക്കു നോക്കി. എറണാകുളം എത്താറായി. ദൂരെ തെങ്ങിന്‍ തലപ്പുകള്‍ക്ക് മീതെ ഉദയസൂര്യന്റെ ചുവപ്പ് രാശി പടര്‍ന്നു തുടങ്ങുന്നു. ഇനി വൈകിക്കൂടാ. ഞാന്‍ ശ്വാസം അകത്തേക്കെടുത്തു. ജീവിതത്തില്‍ ആദ്യമായി അവളോട് സംസാരിക്കാന്‍ പോവുകയാണ്.
''ഈ ട്രെയിന്‍ തിരുവനന്തപുരത്ത് എപ്പോ എത്തും ?''
ആ ചോദ്യം എന്റെ ചങ്കില്‍ നിന്നും പിടഞ്ഞു വീഴുന്നതിന്റെ അര സെക്കന്റ് മുന്‍പ് അത് സംഭവിച്ചു കഴിഞ്ഞിരുന്നു. തല പിന്നിലേക്ക് ചായിച്ചു വെച്ച്, ആ വലിയ കണ്ണുകള്‍ അടച്ചു അവള്‍ ഉറങ്ങാന്‍ കിടന്നു.
പണ്ടാരം !
എനിക്ക് എന്നോടും അവളോടും ലോകത്തോട് തന്നെയും ദേഷ്യം തോന്നി. ഉറങ്ങുന്നതിനൊക്കെ ഒരു നേരോം കാലോം ഇല്ലേ...!
പക്ഷെ തല പിന്നിലേക്ക് ചായിച്ചപ്പോള്‍ കഴുത്തിന്റെ അരികില്‍ നേര്‍ത്ത സ്വര്‍ണ്ണ രോമാങ്ങല്‍ക്കിടയിലായി തെളിഞ്ഞു കണ്ട ആ കറുത്ത മറുക്. ഹോ ! അത് കണ്ടപ്പോള്‍ എമര്‍ജന്‍സി exit ലൂടെ കടന്നു വന്ന കാറ്റ് ദേഷ്യത്തെ detergent പരസ്യത്തിലെ കറ യെപ്പോലെ തൂത്തു കളയുന്നത് ഞാന്‍ അറിഞ്ഞു.
ഉറക്കം നല്ലതിനാണ് !
ഉറങ്ങിക്കോളൂ. നിന്റെ ഉറക്കത്തിനു കാവലായി ഞാന്‍ ഉണര്ന്നിരിപ്പുണ്ട് !!
Ernakulam Junction ആകുന്നു. സ്റ്റേഷനില്‍ അധികം ആളുകളില്ല. ബോഗികളില്‍ അധികവും ഒഴിഞ്ഞു തന്നെ കിടപ്പാണ്. അര മണിക്കൂര്‍ സ്റ്റോപ്പ് ഉണ്ടിവിടെ. ഇടയ്ക്കു ഞങ്ങളുടെ (അങ്ങനെ പറയാന്‍ തന്നെ എന്തൊരു സുഖം) compartment ല്‍ കയറിയ മൂന്നാല് പേര്‍ പല ഇടങ്ങളിലായി ഇരുപ്പുറപ്പിച്ചു ഉറങ്ങാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു തുടങ്ങി. സന്തോഷമായി. ഇനി ആരെങ്കിലും കയറി വന്നാലും അപ്പുറത്ത് സീറ്റ്‌കള്‍ ഒരുപാട് ബാക്കി ഉണ്ട്. ഞാന്‍ വീണ്ടും അവളുടെ മറുകിലും, നനവാറിപ്പോയിട്ടും തുടുത്തു തന്നെ നില്‍ക്കുന്ന ചുണ്ടുകളിലെക്കും നോക്കി. അകലെ വീണ്ടും ചൂളം വിളി മുഴങ്ങി. ഇനി ചേര്‍ത്തലയിലെ സ്റ്റോപ്പ് ഉള്ളു. അത് വരേയ്ക്കും ഞാന്‍ നിന്നെ നോക്കി നോക്കി ഇരിക്കും. എന്നോടാ കളി !
പെട്ടെന്നാണ് ഒരു ആരവം കേട്ടത്. അനങ്ങി തുടങ്ങിയ തീവണ്ടിയിലേക്ക് വെട്ടുകിളികളെ പോലെ കുറെ കോളേജ് പിള്ളേര്‍ ഇരച്ചു കയറി.
എന്റെ സൌന്ദര്യ ധാമം !
അവള്‍ ഉറക്കത്തില്‍ നിന്നും ഞെട്ടി എണീറ്റു. കേറി വന്നവരില്‍ മുന്നില്‍ തല വെട്ടിച്ചു നടന്ന ഒരു സാമദ്രോഹി ഞങ്ങള്‍ക്ക് ഇടയില്‍ വന്നിരുന്നു. അവനു പിന്നാലെ 3 , 4 .. മൊത്തം 6 പേര്‍. അവള്‍ ബാഗ് സൈഡ് ലേക്ക് വെച്ച് അരികിലേക്ക് ഒതുങ്ങിയിരുന്നു.
''ദുഷ്ട ജനങ്ങളെ.......'' ഞാന്‍ ആത്മാര്‍ത്ഥമായി പ്രാകി.
കഴിഞ്ഞ ദിവസം കണ്ണൂര്‍ വന്ന മറഡോണ, മറഡോണ കെട്ടിപ്പിടിച്ച രഞ്ജിനി ഹരിദാസ്. അവള് പണ്ട് കെട്ടിപ്പിടിച്ച കോടനാട്ടെ ആന .
തെണ്ടികള്‍ !
ഇവന്മാര്‍ക്ക് ഇതൊക്കെ പറയാന്‍ വേറെ ഒരു ഇടവുമില്ലേ ? ഇന്ത്യന്‍ റെയില്‍വേ നിന്റെയൊക്കെ അച്ഛന്റെ വക ആണോ ? നീയൊക്കെ ലാലു പ്രസാദ് നു മമതയില്‍ ഉണ്ടായതാണോടാ ?
ഇത്യാതി ഒരായിരം ചോദ്യങ്ങള്‍ മനസ്സില്‍ ഉണ്ടായിരുന്നെങ്ങിലും ഒരക്ഷരം പോലും മിണ്ടിയില്ല. അപ്പോള്‍ തലയ്ക്കു മീതെ അപായ ചങ്ങല തൂങ്ങിയാടുന്നുണ്ടായിരുന്നു !
ഉറക്കം ഉണര്‍ന്നപ്പോള്‍ വണ്ടി ചേര്‍ത്തല എത്തിയിരുന്നു. ഞാന്‍ അവളെ നോക്കി. ഇടതു വശത്തിരുന്ന പയ്യനും അവള്‍ക്കും ഇടയില്‍ മുന്‍പ് കണ്ട ബാഗ് ഇപ്പോള്‍ അവളുടെ മടിയില്‍ ആണ്. ചെവിയില്‍ ഇരുന്ന ഹെഡ് ഫോണ്‍ ഊരിവെച്ച നിലയില്‍ കാണപ്പെട്ടു. അവര്‍ എന്തൊക്കെയോ പരസ്പരം സംസാരിക്കുന്നു. അവള്‍ മൃദുവായി ചിരിക്കുന്നുമുണ്ട്. ഞാന്‍ വാച്ച് ല്‍ നോക്കി. 7 :30 ആയിട്ടെ ഉള്ളു. 10 മണി ആകും തിരുവന്തപുരം എത്താന്‍. ഞാന്‍ വീണ്ടും കണ്ണുകള്‍ അടച്ചു ചാരി ഇരുന്നു.
ചക്രങ്ങള്‍ പാളത്തില്‍ ഉരയുമ്പോള്‍ ഉള്ള തീവണ്ടിയുടെ ഞെരക്കം കേട്ട് തുടങ്ങി.
സ്റ്റേഷന്‍ സ്പീക്കര്‍ ല്‍ പെണ്‍കുട്ടി പരിചയമുള്ള ശബ്ധത്തില്‍ മൊഴിഞ്ഞു
ശുഭയാത്ര !
ഗുണപാഠം : ആരോടെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കില്‍ നേരെ ചൊവ്വേ അങ്ങ് പറഞ്ഞേക്കണം. അല്ലാതെ ഒരുമാതിരി പഴയ വേണു നാഗവള്ളി ലൈന്‍ ല്‍ വെള്ളമോലിപ്പിച്ചു നിന്നാല്‍ കണ്ടവര് കൊണ്ടോവും !