Tuesday, November 27, 2012

പൊക്കമില്ലെങ്കി പോക്കാണ് ഭായ്


''അടുത്ത ജൂലൈ മാസത്തില്‍ ചേട്ടായിയും ചേച്ചിയും വരും. ആ വരവിനെന്തായാലും....''  പല തവണ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. മമ്മി ഒരിക്കലും ആ വാചകം പൂര്‍ത്തിയാക്കാറില്ല . നിന്നെ പിടിച്ചങ്ങ് കല്യാണം കഴിപ്പിച്ചു കളയും എന്ന് തുറന്നു പറയാനുള്ള മടി കൊണ്ടാകും. എന്തെങ്കിലുമാകട്ടെ. എന്‍റെ പ്രശ്നം അതല്ല. മമ്മി ഇത് പറയുമ്പോഴൊക്കെ നാലാം ക്ലാസ്സില്‍ ഒപ്പം പഠിച്ച ജോഷി എന്‍റെ മുഖത്ത് നോക്കി  പറഞ്ഞ ഒരു dialog  ഓര്‍മ്മ വരും. 
 സ്കൂളിന്‍റെ പിറകു വശത്തുള്ള മൂത്രപ്പുരക്ക്‌ സമീപം ആരോ ഒരു ആവശ്യവുമില്ലാതെ കെട്ടി പൊക്കിയിരിക്കുന്ന അരമതില്‍ വളരെ സിമ്പിള്‍ ആയി എടുത്തു ചാടിയാണ് അവന്‍ അത് പറഞ്ഞത് 
''നിനക്ക് പൊക്കമില്ല ''
കുഞ്ഞിതിലെ ദൂരദര്‍ശനിലു വന്ന പഴയ ഏതോ പട്ടാള സിനിമ കണ്ടു ജീവിതത്തില്‍ ഒരു പട്ടാളക്കാരനെ ആകൂ എന്ന് ഉറച്ച തീരുമാനം എടുത്തിരിക്കുന്നവനാണ് ഞാന്‍. ആ എന്നെ നോക്കി അവന്‍ വീണ്ടും പറഞ്ഞു.
''പോക്കമില്ലാത്തവരെ പട്ടാളത്തില്‍ എടുക്കില്ല..''
ഭീകരം ! മഞ്ഞു മൂടിക്കിടക്കുന്ന താഴ്വരകള്‍ക്ക് ചോട്ടില്‍ ഇരുന്നും നിന്നും ശത്രു സൈന്യത്തിന് നേരെ ഞാന്‍ തോടുക്കാനിരിക്കുന്ന നൂറു നൂറു മിസ്സൈലുകള്‍ , ആയിരമായിരം വെടിയുണ്ടകള്‍.. എല്ലാം എനിക്ക് നേരെ തന്നെ തീ തുപ്പുകയാണ്. വായില്‍ പുകയുമായി മുന്നില്‍ 4 ബി യിലെ എന്‍റെ കൂട്ടുകാരന്‍ . ദുഷ്ടന്‍ !

''നമ്മുടെ ബാപ്പക്കും ഉമ്മിച്ചിക്കും പൊക്കമുണ്ടെങ്കി നമുക്കും പൊക്കൊണ്ടാവും "
സ്കൂളില്‍ നിന്നും ബാഗും തൂക്കി വീട്ടിലേക്കു തിരിച്ചു നടക്കുന്നതിനിടയിലാണ് അബ്ദുള്ള ആ ഭീകര രഹസ്യം എന്നോട് പറഞ്ഞത്. എന്റെ പപ്പക്കും മമ്മി ക്കും പൊക്കം കുറവാണ്. പക്ഷെ അങ്ങനാണെങ്കി താഴത്തെ വീട്ടിലെ എല്‍ദോക്ക് എങ്ങനെ പൊക്കം വന്നു ?? മമ്മി യോട് തന്നെയാണ് ചോദിച്ചത്. നീണ്ട നിശബ്ദതയ്ക്ക് ശേഷം ഉത്തരം വന്നു.
''അവന്‍റെ മമ്മിടെ അപ്പച്ചന് നല്ല പോക്കമാ .. അങ്ങനെ കിട്ടിതാ ..'' ഞാന്‍ എന്‍റെ പൂര്‍വികരെ സ്മരിച്ചു. 
''നിങ്ങള്‍ക്കൊക്കെ ഇത്തിരി  കൂടി പൊക്കം അവായിരുന്നില്ലേ ?? കുമ്മനോട്ടിലെ തറവാടിന്റെ ഭിത്തിയില്‍ ഇരുന്നു ഇളം മഞ്ഞ നിറത്തില്‍ അപ്പച്ചന്‍ ചിരിച്ചു 

Royal Enfield  പിന്നെ പാക്കിസ്ഥാനിലെ പെണ്‍കുട്ടികള്‍. എന്‍റെ ഈ രണ്ടു വീക്നെസ്സുകളില്‍ ആദ്യത്തേത് ഒരു സെക്കന്റ്‌ ഹാന്‍ഡ്‌ ബുള്ളറ്റ് മേടിച്ചങ്ങു തീര്‍ത്തു (അപ്പോഴും നിനക്ക് കാലെത്തുമോ  എന്ന് ചോദിച്ച ചില തെണ്ടികളുണ്ട്) പക്ഷെ പകിസ്ഥാനിലേത് പോലത്തെ പെണ്‍കുട്ടികള്‍ . അതൊരു രക്ഷയുമില്ല. എല്ലാം ആറടിക്ക് അടുത്ത ഉയരത്തില്‍ നീണ്ടു നിവര്‍ന്ന് നിന്ന് എന്നെ നോക്കുമ്പോ.. ഹോ ! 

കോളേജിലെ പഠന കാലത്ത് അങ്ങനെ കണ്ട ഒരുത്തിയെ പറ്റി  കൂട്ടുകാരനോട് പറഞ്ഞു 
''കൊള്ളാലെ ? ''
അവന്റെ മറുപടി പെട്ടെന്നായിരുന്നു. 
''കൊള്ളാം. പക്ഷെ നിനക്ക് പറ്റില്ല. നല്ല പൊക്കം '' 
നിവര്‍ന്നു നില്‍ക്കുന്ന അവനെ ചാടി ഒരിടി കൊടുക്കാന്‍ ആണ് ആദ്യം തോന്നിയത്. സംയമനം പാലിച്ചു പറഞ്ഞു.
''എനിക്ക് പറ്റിയത് എന്‍റെ  മക്കള്‍ക്ക്‌ പറ്റരുത് !''

കേരളത്തിലെ പെണ്‍കുട്ടികള്‍ . പ്രേത്യേകിച്ചും പൊക്കമുള്ള പെണ്‍കുട്ടികള്‍. അവര്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ ഭാര്യയെ പോലെ അഡ്വാന്‍സ്ഡ് ആയി ചിന്തിക്കുന്നില്ല എന്ന് എനിക്ക് പലപ്പോഴും തോനിയിട്ടുണ്ട്. ഭാര്യ Carla Bruni ക്ക്  പ്രസിഡണ്ട്‌  Nicolas Sarkozy  യെക്കാളും നല്ല പൊക്കം കൂടുതലാണ്. സംശയമുണ്ടെങ്കി പരിശോധിക്കാംപക്ഷെ ഇവര്‍ക്കിത് വല്ലതും  അറിയാമോ. ബുദ്ധി ശുന്യകള്‍ ! വെറുതെയല്ല പ്രേം നസീര്‍ ഈ വര്‍ഗ്ഗത്തിനെ മുഴുവന്‍ മണ്ടിപ്പെണ്ണ് എന്ന് വിളിച്ചു അടച്ചു ആക്ഷേപിച്ചത്. നന്നായിപ്പോയി !

ജൂലൈ അടുക്കുന്നു. വീട്ടുകാര്‍ അധികം പൊക്കമില്ലാത്ത പെണ്‍കുട്ടികളെ തിരഞ്ഞു തുടങ്ങിയിരിക്കുന്നു. ''ഞാന്‍ പൊക്കമുള്ള പെണ്ണിനെ മാത്രമേ കെട്ടൂ..'' എന്ന് പറഞ്ഞു നിലവിളിക്കണം എന്നുണ്ട്. സ്വപ്നം കണ്ടതൊന്നും നടക്കാന്‍ പോകുന്നില്ല എന്ന ഭയം എന്നെ ഗ്രസിച്ചിരിക്കുന്നു.  പ്രാര്‍ഥിക്കണം. ''നമ്മളില്‍ ആര്‍ക്കാണ് കൂടുതല്‍ പൊക്കം'' എന്ന് ചോദിക്കുമ്പോഴൊക്കെ എന്‍റെ  തോളോട് തോള്‍ ചേര്‍ന്ന് നിന്ന നിങ്ങള്‍ക്കായി ഞാന്‍ ഈ ബ്ലോഗ്‌ സമര്‍പ്പിക്കുന്നു !

Wednesday, October 31, 2012

കൌതുകലോകം


പ്രണയം കളിപ്പാട്ടം പോലെയാണ് 
ഉത്സവപ്പറമ്പിലെ പെട്ടിക്കടയില്‍ തൂങ്ങിയാടുന്ന കൗതുകം
കണ്ടാല്‍ വാശിയാണ് 
കരഞ്ഞു നിലവിളിച്ചോടുവില്‍ കൈക്കലാക്കിയാല്‍
പിന്നെ നിലത്തു വെക്കാത്ത ദിവസങ്ങള്‍

ഒടുക്കം..

പഴയതൊക്കെ ഉപേക്ഷിച്ച ഏതോ തട്ടിന്‍ പുറത്തു പൊടി പിടിച്ചു
ആരാലും തിരിഞ്ഞു നോക്കാതെ..

ഇപ്പോള്‍ കൊതിയാണ്
പ്രിയപ്പെട്ട കളിപ്പാട്ടത്തോട് കൗതുകം നഷ്ട്ടപ്പെടാത്ത ഒരു കുട്ടിയാകാന്‍

Sunday, October 28, 2012

ശ്രോതാവിനെ പ്രണയിച്ച റേഡിയോ ജോക്കി

'ശ്രോതാവിനെ പ്രണയിച്ച റേഡിയോ ജോക്കി' എന്ന എന്റെ പുതിയ സിനിമ യുടെ ക്ലൈമാക്സ്‌ ഡയലോഗ് പ്രസിദ്ധപ്പെടുത്തുന്നു
ഇതൊരു new generatoin തിരക്കഥ ആയതു കൊണ്ട്തന്നെ പല താരതമ്യങ്ങളും ഉണ്ടാകാം. ഞാന്‍ കാര്യമാക്കുന്നില്ല
Climax:
നായകന്‍ സുഹൃത്തായ മറ്റേ റേഡിയോ ജോക്കിയോടു (ഗദ്ഗദത്തോടെ)
''ഇവിടെ വരുന്നവരൊക്കെ ശ്രോതാക്കള്‍ ആണ്. അവര് വന്നു സന്തോഷിച്ചു പൊട്ടിച്ചിരിച്ചു കടന്നു പോകും
അവരെ സന്തോഷിപ്പിച്ചു പൊട്ടിച്ചിരിപ്പിച്ചു ജീവിക്കുന്ന കോമാളിയും കുരങ്ങനുമാണ് ഞാനും നീയുമൊക്കെ
നമുക്കവരെ സ്നേഹിക്കാനും ആഗ്രഹിക്കാനും ഒന്നും അവകാശമില്ല
നമുക്ക് അവരോടു ആത്മാര്‍ത്ഥമായി പറയാവുന്ന രണ്ടു വാക്കേ ഉള്ളു
വെല്‍ക്കം, ഗുഡ് ബൈ ''

Saturday, October 27, 2012

സഹയാത്രികക്ക് സ്നേഹപൂര്‍വ്വം

ലിയ വിടര്‍ന്ന കണ്ണുകള്‍ അടച്ചു വെച്ച് അവള്‍ സീറ്റ്‌ ല്‍ ചാരി ഇരുന്നു ഉറങ്ങുകയാണ്. ചിലപ്പോള്‍ ഉറങ്ങുകയാണ് എന്ന് ഭാവിക്കുന്നതും ആകാം. വെളുപ്പാന്‍ കാലത്തെ തണുപ്പുള്ള കാറ്റില്‍ നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടിയിഴകള്‍ പാറിപ്പറക്കുന്നു. ഈ നിമിഷം ഞാന്‍ കേള്‍ക്കുന്ന ശബ്ദം. അത് ചക്രങ്ങള്‍ പാളത്തില്‍ ഉരയുമ്പോള്‍ ഉള്ള തീവണ്ടിയുടെ ഞെരക്കമല്ല. ഇത് പ്രണയത്തിന്റെ സിംഫണി ആണ് സിംഫണി.!

അവധി ദിനത്തിന്റെ ആലസ്യത്തില്‍ ആളൊഴിഞ്ഞു കിടക്കുകയാണ് മിക്ക compartmentകളും . വെളുപ്പിന് ആലുവയില്‍ നിന്നും ഇന്റര്‍സിറ്റി ക്ക് കേറുമ്പോള്‍ തന്നെ കാതില്‍ ഹെഡ് ഫോണ്‍ തിരുകി അലസമായിരിക്കുന്ന ഈ പെണ്‍കുട്ടിയെ ശ്രദ്ധിച്ചിരുന്നു.
സുന്ദരിക്കുട്ടി ! 
തിരുവനന്തപുരം പോയി ഇന്റര്‍വ്യൂ എടുക്കാന്‍ പറഞ്ഞ പ്രോഗ്രാമിംഗ് ഹെഡ് നോട് പോലും അളവറ്റ സ്നേഹം തോന്നി പോയ നിമിഷം. ജാഡ കാണിച്ചു ആദ്യം അപ്പുറത്ത് ചെന്നിരിക്കാന്‍ ശ്രമിച്ചെങ്കിലും ആ വലിയ കണ്ണുകളുടെ കാന്ത വലയത്തില്‍ നിന്നും രക്ഷപെടാനായില്ല. തിരികെ വന്നു കോണോടു കോണ്‍ ചേര്‍ന്നിരുന്നു. അകലെ എവിടെയോ ഒരു ചൂളം വിളി മുഴങ്ങി. അവളുടെ മുഖം നോക്കി ഞാന്‍ മനസ്സില്‍ പറഞ്ഞു. 
''നമ്മള്‍ യാത്ര തുടങ്ങുകയാണ്..'' 

വാരണം ആയിരം കണ്ടപ്പോള്‍ മുതലുള്ള കൊതിയാണ് സമീര യെ പോലെ ഒന്നിനെ സഹയാത്രികയായി കൂടെ കിട്ടിയിരുന്നെങ്ങില്‍ എന്ന്. 
ഞാന്‍ അവളുടെ മുഖത്തേക്ക്  നോക്കി. ആ നോട്ടം പോലും അവളുടെ മൃദുല മേനിയെ നോവിക്കും എന്ന് എനിക്ക് പേടിയുണ്ടായിരുന്നു. അവള്‍ ബാഗ്‌ തുറന്നു ഏതോ ഒരു നോട്ട്ബുക്ക്‌ എടുത്തു. വടിവൊത്ത അക്ഷരങ്ങളില്‍ എന്തൊക്കെയോ കോറിയിട്ടിരിക്കുന്നു . കാതില്‍ ഹെഡ് ഫോണ്‍ തിരുകിയിരിക്കുന്ന അവള്‍ എന്തിനാണ് ഇപ്പോള്‍ നോട്ട് ബുക്ക്‌ എടുത്തത്‌ ? അപരിചിതനായ ഒരു പുരുഷന്റെ സാമീപ്യം അവളില്‍ ഉണ്ടാക്കുന്ന അസ്വസ്ഥത ഓര്‍ത്തപ്പോള്‍ എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നി. കയ്യില്‍ ഒരു ഗിറ്റാര്‍ ഉണ്ടായിരുന്നെങ്ങില്‍ ഈ നിമിഷം ഞാന്‍ ഉറക്കെ പാടിപ്പോയേനെ.
''നെഞ്ചുക്കുല്‍ പെയ്തിടും  മാമഴൈ.. ''

എങ്ങോട്ട് പോകുന്നു ? അങ്ങനെ ചോദിച്ചു തുടങ്ങിയാലോ ? വേണ്ട അതറിഞ്ഞിട്ടു ഇപ്പൊ തനിക്കെന്തു വേണം എന്നെങ്ങാനും അവള്‍ ചോദിച്ചാല്‍ പിന്നെ പണി പാളും. കുറച്ചു കൂടി നല്ല ചോദ്യത്തിന് വേണ്ടി ഞാന്‍ നട്ടം തിരിഞ്ഞു. 
ഈ വണ്ടി എപ്പോ  തിരുവനന്തപുരം എത്തും ? 
കൊള്ളാം. നിഷ്കളങ്കമായ  ആ ചോദ്യത്തില്‍ നിന്ന് തന്നെ തുടങ്ങാം. അതാകുമ്പോ  ഇയാളും തിരുവനന്തപുരം തന്നെ ആണോ ? അവിടെ എന്ത് ചെയ്യുന്നു ? ഉറങ്ങിപ്പോയ ഒന്ന് വിളിക്കുവോ  എന്നൊക്കെ പറഞ്ഞു പിടിച്ചു കേറാനുള്ള സ്കോപ് ഉണ്ട്. 
ഞാന്‍ പുറത്തേക്കു നോക്കി.  എറണാകുളം എത്താറായി. ദൂരെ തെങ്ങിന്‍ തലപ്പുകള്‍ക്ക് മീതെ ഉദയസൂര്യന്റെ ചുവപ്പ് രാശി പടര്‍ന്നു തുടങ്ങുന്നു. ഇനി വൈകിക്കൂടാ. ഞാന്‍ ശ്വാസം അകത്തേക്കെടുത്തു. ജീവിതത്തില്‍ ആദ്യമായി അവളോട്‌ സംസാരിക്കാന്‍ പോവുകയാണ്. 

''ഈ ട്രെയിന്‍ തിരുവനന്തപുരത്ത് എപ്പോ എത്തും ?''
ആ ചോദ്യം എന്റെ ചങ്കില്‍ നിന്നും പിടഞ്ഞു വീഴുന്നതിന്റെ അര സെക്കന്റ്‌ മുന്‍പ് അത് സംഭവിച്ചു കഴിഞ്ഞിരുന്നു. തല പിന്നിലേക്ക്‌ ചായിച്ചു വെച്ച്, ആ വലിയ കണ്ണുകള്‍ അടച്ചു അവള്‍ ഉറങ്ങാന്‍ കിടന്നു.
പണ്ടാരം ! 
എനിക്ക് എന്നോടും അവളോടും ലോകത്തോട്‌ തന്നെയും ദേഷ്യം തോന്നി. ഉറങ്ങുന്നതിനൊക്കെ ഒരു നേരോം കാലോം ഇല്ലേ...!
പക്ഷെ തല പിന്നിലേക്ക്‌ ചായിച്ചപ്പോള്‍ കഴുത്തിന്റെ അരികില്‍ നേര്‍ത്ത സ്വര്‍ണ്ണ രോമാങ്ങല്‍ക്കിടയിലായി തെളിഞ്ഞു കണ്ട ആ കറുത്ത മറുക്. ഹോ ! അത് കണ്ടപ്പോള്‍ എമര്‍ജന്‍സി exit ലൂടെ കടന്നു വന്ന കാറ്റ് ദേഷ്യത്തെ detergent പരസ്യത്തിലെ കറ യെപ്പോലെ തൂത്തു കളയുന്നത് ഞാന്‍ അറിഞ്ഞു. 
ഉറക്കം നല്ലതിനാണ് !
ഉറങ്ങിക്കോളൂ. നിന്റെ ഉറക്കത്തിനു കാവലായി ഞാന്‍ ഉണര്ന്നിരിപ്പുണ്ട് !!

Ernakulam Junction  ആകുന്നു. സ്റ്റേഷനില്‍ അധികം ആളുകളില്ല. ബോഗികളില്‍ അധികവും ഒഴിഞ്ഞു തന്നെ കിടപ്പാണ്. അര മണിക്കൂര്‍ സ്റ്റോപ്പ്‌ ഉണ്ടിവിടെ. ഇടയ്ക്കു ഞങ്ങളുടെ (അങ്ങനെ പറയാന്‍ തന്നെ എന്തൊരു സുഖം) compartment ല്‍ കയറിയ മൂന്നാല് പേര്‍ പല ഇടങ്ങളിലായി ഇരുപ്പുറപ്പിച്ചു ഉറങ്ങാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു തുടങ്ങി. സന്തോഷമായി. ഇനി ആരെങ്കിലും കയറി വന്നാലും അപ്പുറത്ത് സീറ്റ്‌കള്‍ ഒരുപാട് ബാക്കി ഉണ്ട്. ഞാന്‍ വീണ്ടും അവളുടെ മറുകിലും, നനവാറിപ്പോയിട്ടും തുടുത്തു തന്നെ നില്‍ക്കുന്ന ചുണ്ടുകളിലെക്കും നോക്കി. അകലെ വീണ്ടും ചൂളം വിളി മുഴങ്ങി. ഇനി ചേര്‍ത്തലയിലെ സ്റ്റോപ്പ്‌ ഉള്ളു. അത് വരേയ്ക്കും ഞാന്‍ നിന്നെ നോക്കി നോക്കി ഇരിക്കും. എന്നോടാ കളി ! 
പെട്ടെന്നാണ് ഒരു ആരവം കേട്ടത്. അനങ്ങി തുടങ്ങിയ തീവണ്ടിയിലേക്ക് വെട്ടുകിളികളെ പോലെ കുറെ കോളേജ് പിള്ളേര്‍ ഇരച്ചു കയറി. 
എന്റെ സൌന്ദര്യ ധാമം ! 
അവള്‍ ഉറക്കത്തില്‍ നിന്നും ഞെട്ടി എണീറ്റു. കേറി വന്നവരില്‍ മുന്നില്‍ തല വെട്ടിച്ചു നടന്ന ഒരു സാമദ്രോഹി ഞങ്ങള്‍ക്ക് ഇടയില്‍ വന്നിരുന്നു. അവനു പിന്നാലെ 3 , 4 .. മൊത്തം 6 പേര്‍. അവള്‍ ബാഗ്‌ സൈഡ് ലേക്ക്  വെച്ച് അരികിലേക്ക് ഒതുങ്ങിയിരുന്നു. 
''ദുഷ്ട ജനങ്ങളെ.......'' ഞാന്‍ ആത്മാര്‍ത്ഥമായി പ്രാകി. 
കഴിഞ്ഞ ദിവസം കണ്ണൂര്‍ വന്ന മറഡോണ, മറഡോണ കെട്ടിപ്പിടിച്ച രഞ്ജിനി ഹരിദാസ്‌. അവള് പണ്ട് കെട്ടിപ്പിടിച്ച കോടനാട്ടെ  ആന .  
തെണ്ടികള്‍ ! 
ഇവന്മാര്‍ക്ക് ഇതൊക്കെ പറയാന്‍ വേറെ ഒരു ഇടവുമില്ലേ ? ഇന്ത്യന്‍ റെയില്‍വേ നിന്റെയൊക്കെ  അച്ഛന്റെ വക ആണോ  ?  നീയൊക്കെ ലാലു പ്രസാദ്‌ നു മമതയില്‍ ഉണ്ടായതാണോടാ ?  
ഇത്യാതി ഒരായിരം ചോദ്യങ്ങള്‍ മനസ്സില്‍ ഉണ്ടായിരുന്നെങ്ങിലും ഒരക്ഷരം പോലും മിണ്ടിയില്ല. അപ്പോള്‍ തലയ്ക്കു മീതെ അപായ ചങ്ങല തൂങ്ങിയാടുന്നുണ്ടായിരുന്നു !

ഉറക്കം ഉണര്‍ന്നപ്പോള്‍ വണ്ടി ചേര്‍ത്തല എത്തിയിരുന്നു. ഞാന്‍ അവളെ നോക്കി. ഇടതു വശത്തിരുന്ന പയ്യനും അവള്‍ക്കും ഇടയില്‍ മുന്‍പ് കണ്ട ബാഗ്‌ ഇപ്പോള്‍ അവളുടെ മടിയില്‍ ആണ്. ചെവിയില്‍  ഇരുന്ന ഹെഡ് ഫോണ്‍ ഊരിവെച്ച നിലയില്‍ കാണപ്പെട്ടു. അവര്‍ എന്തൊക്കെയോ പരസ്പരം സംസാരിക്കുന്നു. അവള്‍ മൃദുവായി ചിരിക്കുന്നുമുണ്ട്. ഞാന്‍ വാച്ച് ല്‍ നോക്കി. 7 :30 ആയിട്ടെ ഉള്ളു. 10 മണി ആകും തിരുവന്തപുരം എത്താന്‍. ഞാന്‍ വീണ്ടും കണ്ണുകള്‍ അടച്ചു ചാരി ഇരുന്നു. 
ചക്രങ്ങള്‍ പാളത്തില്‍ ഉരയുമ്പോള്‍ ഉള്ള   തീവണ്ടിയുടെ ഞെരക്കം കേട്ട്  തുടങ്ങി.
സ്റ്റേഷന്‍ സ്പീക്കര്‍ ല്‍ പെണ്‍കുട്ടി പരിചയമുള്ള ശബ്ധത്തില്‍ മൊഴിഞ്ഞു
ശുഭയാത്ര !


ഗുണപാഠം : ആരോടെങ്കിലും എന്തെങ്കിലും  പറയാനുണ്ടെങ്കില്‍  നേരെ ചൊവ്വേ അങ്ങ് പറഞ്ഞേക്കണം. അല്ലാതെ ഒരുമാതിരി പഴയ വേണു നാഗവള്ളി ലൈന്‍ ല്‍ വെള്ളമോലിപ്പിച്ചു നിന്നാല്‍ കണ്ടവര് കൊണ്ടോവും !

Wednesday, October 24, 2012

പാദപൂജ


''പണി കിട്ടുവാണേല്‍ നിനക്ക് കിട്ടിയ പോലുള്ള പണി വേണം. ഇതാണ് ഞങ്ങള്‍ ആഗ്രഹിച്ച പണി'' എന്നൊക്കെ കൂട്ടുകാര്‍ പലരും പറയാറുണ്ടെങ്കിലും റണ്‍ ബേബി റണ്‍ ല്‍ ബിജു മേനോന്‍ പറയുന്ന പോലെ ചിലപ്പോഴൊക്കെ തിന്നിട്ടു എല്ലിന്റെ ഇടയില്‍ കേറുന്ന നേരങ്ങളില്‍ പറയാറുണ്ട്‌ 'ഓ..മടുത്തപ്പാ'ന്നു. എന്നിട്ട് പിന്നെ  ആണ്ടും കൊല്ലവും എത്തി വര്‍ക്ക്‌ തീര്‍ക്കാന്‍ നിന്ന ഒരേയൊരു  രാത്രിയെ കുറിച്ചും ഫേസ്ബുക്ക്‌ നോക്കി ഇരുന്നു 8 മണിക്കൂറില്‍ കൂടുതല്‍ നേരം പണിയെടുത്ത ദിവസങ്ങളെ കുറിച്ചും പരാതി പറയും. അപ്പോള്‍ കടുപ്പിച്ചു നില്‍ക്കുന്ന മുഖം പറയാതെ പറയുന്നൊരു dialog ഉണ്ട്.
''ഞാനൊന്നും ഇവിടെ നില്‍ക്കേണ്ട ആളല്ല  ''

അങ്ങനെ ചിന്തിച്ചു സ്റ്റുഡിയോ ല്‍  നിന്ന ഏതോ ഒരു നേരത്താണ് ട്രാന്‍സ് ഏഷ്യ കെട്ടിടത്തിന്റെ 7 -മത്  നിലയുടെ ചില്ല് ജാലകത്തില്‍ ഞാന്‍ ആ കാലുകള്‍ കണ്ടത്. ഞങ്ങളുടെ കണ്ണാടി കെട്ടിടത്തിന്റെ ചില്ലില്‍ പിടിച്ച പൂപ്പലും പായലും നീക്കാന്‍ വന്ന നാടന്‍ സ്പിടെര്‍ മാന്‍ ന്റെ കാലുകള്‍ ! നെഞ്ചിനു കുറുകെ കെട്ടിയിട്ട ബെല്‍റ്റ്‌ ല്‍ കൊരുത്തിട്ടിരിക്കുന്ന ഒരു കയര്‍. അതില്‍ ആണ് ആ  തൊഴില്‍ ജീവിതം പെന്‍ഡുലം കണക്കെ തൂങ്ങിയാടുന്നത്  !!

ക്ഷമിക്കുക..
ഞാന്‍ ഇവിടെ നില്‍ക്കെണ്ടവന്‍ അല്ലെന്നു ചിന്തിച്ച അഹന്തയ്ക്ക് മാപ്പ് നല്‍കുക.

എനിക്ക് ചവിട്ടി നിക്കാന്‍ ഒരു തറ എങ്ങിലുമുണ്ടല്ലോ !

Friday, October 5, 2012

മഴയെത്തും മുന്‍പേ

രാവിലെ വരാന്തയില്‍ വാര്‍ത്തകളിലേക്ക് കുമ്പിട്ടിരിക്കുന്ന നേരത്താണ് മഴ പെയ്തത്.
തുറന്നിട്ടിരുന്ന ഗേറ്റ് കടന്നു വന്ന മഴയ്ക്ക് മേലേക്ക് തെങ്ങിന്‍ തലപ്പില്‍ നിന്നും വെയിലിന്റെ സ്പോട്ട് ലൈറ്റ്. 
അകത്തേക്കോടി ക്യാമറ എടുക്കാന്‍ ആണ് ആദ്യം തോന്നിയത്. 
തിരക്കുള്ള വിരുന്നുകാരെ പോലെ 'ഞങ്ങള്‍ ഇപ്പൊ പോകും' എന്ന് വെയിലും മഴയും ഭീഷണിപ്പെടുത്തിയപ്പോള്‍  മൊബൈല്‍ കയ്യിലെടുത്തു പുറത്തിറങ്ങി.
2.0 mega pixel മാത്രം തെളിച്ചമുള്ള ആ ഒറ്റക്കണ്ണ്‍ ചിമ്മി തുറന്നപ്പോഴേ caption  മനസ്സില്‍ ഉറപ്പിച്ചിരുന്നു 

വീട്ടിലേക്കുള്ള വഴി !!


മാഞ്ഞു പോയ അഭിനയ തിലകം

തിലകന്‍ ന്‍റെ interview !!
ഡിസംബര്‍ ലെ ഒരു പകലില്‍ white fort ന്‍റെ reception ല്‍ കാത്തു നില്‍ക്കുമ്പോള്‍ മനസ്സില്‍ തിലകന്‍ ഉണ്ടായിരുന്നില്ല. നിറയെ കഥാപാത്രങ്ങള്‍ ആയിരുന്നു.
ആള് ചൂടന്‍ ആണെന്നാണ്‌ മുന്നറിയിപ്പ്. അരികില്‍ അലങ്കരിച്ചു ഇട്ടിരുന്ന christmas tree ല്‍ നോക്കി കണ്ണടച്ചു. ''ദൈവമേ ഉടക്കുണ്ടാക്കരുതെ"

റൂം ലേക്ക് കടന്നു ചെല്ലുമ്പോള്‍ ജോസ് പല്ലിശ്ശേരി യുടെ ' നായകന്‍ ' എന്ന സിനിമ ക്ക് വേണ്ടി കെ
ട്ടിയ കാരണവരുടെ വേഷം അഴിച്ചു വെച്ച് ആള്‍ കിടക്കുകയായിരുന്നു. ഷര്‍ട്ട്‌ ഇട്ടിട്ടില്ല.
മനസ്സില്‍ ഒരു കാറ്റ് വീശി. കാത്തിരിപ്പിന്റെ കാലങ്ങള്‍ക്ക് ഒടുവില്‍ യവനിക ഉയരുകയാണ്. മുന്നില്‍ തിലകന്‍
'' ഞാന്‍ എന്നീക്കണോ ?'' : കനത്ത ശബ്ദം. വേണ്ടെന്നു പറയാതിരിക്കാന്‍ ആയില്ല .മൈക്ക് ഓണ്‍ ചെയ്യും മുന്‍പ് വീണ്ടും ശബ്ദമുയര്‍ന്നു.
''അമ്മയുമായി ഉടക്കി നിക്കുന്ന സമയമാണ്. അത്തരം ചോദ്യങ്ങള്‍ ഉണ്ടാകുമോ ?''
ഇല്ല എന്ന് പറഞ്ഞപ്പോ ''എങ്കില്‍ വേണം. ചോദിക്കുമ്പോള്‍ ആ ചോദ്യം വേണ്ട എന്ന് പറഞ്ഞു ഞാന്‍ മാറും. അത് റേഡിയോ ല്‍ കേള്‍പ്പിക്കണം'' എന്നായി. വിനീത വിധേയനെ പോലെ എല്ലാം സമ്മതിച്ചു. ശേഷം Interview !

മൈക്ക് ഓഫ്‌ ചെയ്തു കഴിഞ്ഞപ്പോള്‍ ആണ് തിലകന്‍ കൂടുതല്‍ സംസാരിച്ചത്. അമ്മയുമായുള്ള ഉടക്കിനെ പറ്റി, മോഹന്‍ലാല്‍ ന്‍റെ ചുറ്റുമുള്ള ഉപഗ്രഹങ്ങളെ പറ്റി, നായികമാരെ തീരുമാനിക്കാന്‍ ധൈര്യമുള്ള അപൂര്‍വ്വം സംവിധായകരെ പറ്റി. ഇടക്കെപ്പോഴോ മലയാളത്തിന്‍റെ മറ്റൊരു അച്ഛനെ '' ആട്ടിന്‍ തോലിട്ട ചെന്നായ'' എന്ന് വരെ വിളിച്ചു. പോകും മുന്‍പ് സൂക്ഷിച്ചു വെക്കാന്‍ ഒരു ക്ലിക്ക്.
''എണീക്കാന്‍ വയ്യ. കൂടെ ഇരുന്നോളു'' എന്ന് ക്ഷണം. അത്രയുമായില്ല എന്ന് മനസ്സ് പറഞ്ഞത് കൊണ്ട് എണീറ്റ്‌ തന്നെ നിന്നു. balance ഇല്ലാത്ത frame നു മേല്‍ ഫ്ലാഷ് വീണു.
Click !

അവസാനത്തെ സീന്‍. അരങ്ങിലെ പ്രതിനായകന്‍ ന്‍റെ മുഖത്ത് ആവശ്യത്തില്‍ അധികം ചായം തേച്ചിരിക്കുന്നു. ആ വേഷം ആര് കെട്ടിയാലും ഒരു പേരെ ഉള്ളു.
ജോക്കര്‍ !!
'' രംഗ ബോധാമിലാത്ത കോമാളി''. ഇരുവരും തമ്മില്‍ അടുക്കുമ്പോള്‍ യവനിക പതിയെ പതിയെ താഴുകയായി.
ബെല്‍ മുഴങ്ങുന്നു.
യാത്രാമൊഴി
ഇനി തിലകന് വേഷങ്ങള്‍ അഴിച്ചു വെച്ച് വിശ്രമിക്കാന്‍ ഉള്ള നേരം.