Tuesday, June 4, 2013

അമ്മ ആകാശം ചിറകുകള്‍




വൈകുന്നേരം വീട്ടില്‍ വന്നു കയറുമ്പോള്‍ വീട്ടുമുറ്റത്തെ വലിയ കിളിക്കൂട്‌ ചൂണ്ടിക്കാണിച്ചു മമ്മി ആണ് പറഞ്ഞത്. താഴത്തെ പറമ്പിലെ തെങ്ങില്‍ നിന്നും 3 കാ൪മാ൯ കുഞ്ഞുങ്ങളെ കിട്ടിയത്രേ ! തെങ്ങ് കയറാ൯  വന്ന പ്രദീപിന്റെ സാഹസീകത. തല പോയ തെങ്ങി൯   പൊത്തില്‍ നിന്നും കോരിയെടുത്ത 3 കുഞ്ഞുങ്ങള്‍ Love birds ന്റെ കൂട്ടില്‍  പേടിച്ചരണ്ടിരിക്കുന്നു.  

പിറ്റേന്ന് രാവിലെ കിളി കുഞ്ഞുങ്ങളെ  കാണാ൯ കൂട്ടിനരികില്‍ ചെന്നപ്പോള്‍ മറ്റൊരു കാഴ്ച കണ്ടു. കിളിക്കൂടിനു മുകളിലൂടെ വീട്ടിലേക്കു നീണ്ടു പോകുന്ന കേബിള്‍ ലൈനില്‍ രണ്ടു തള്ള ക്കിളികള്‍ . അതിലൊന്നിന്റെ മഞ്ഞ കൊക്കില്‍ ആഞ്ഞിലിപ്പഴത്തിന്റെ ഒരു വലിയ അല്ലി ഒതുക്കിപ്പിടിച്ചിരിക്കുന്നു. ഞാ൯  കിളിക്കൂടിനു അരികില്‍  നിന്നും മാറി നിന്നു. 
കുഞ്ഞുങ്ങളുടെ കരച്ചില്‍  ഉച്ചത്തിലായി. അമ്മക്കിളി താഴേക്കു പറന്നു വന്നു. ഇരിമ്പ്  കൂടിന്റെ അഴികളില്‍ ചിറകു വിടര്ത്തി വെച്ച് അമ്മ  ആഞ്ഞിലിപ്പഴം അകത്തേക്ക് നീട്ടി. കൂട്ടില്‍ ചെറു കിളികളുടെ ചിറകടിയോച്ചകള്‍  

''എന്തിനാ അതിനെ ഇങ്ങനെ കൂട്ടില്‍  ഇട്ടിരിക്കണേ ? പറത്തി വിട്ടു കൂടെ ??'' ഒരുആദ൪ശവാദിയുടെ ഭാവം എടുത്തണിഞ്ഞു ഞാ൯  അങ്ങനെ പറയുമ്പോള്‍ മമ്മി എനിക്കുള്ള പുട്ട് പ്ലേററിലേക്ക് എടുത്തു വെക്കുകയായിരുന്നു.
 ''അതിനു രണ്ടു ചിറകുകള്‍ ഉണ്ട്. കൂടിനു പുറത്തു വലിയൊരു ആകാശം ഉണ്ട്..'' അങ്ങനൊക്കെ പറയണമെന്ന് വിചാരിചെങ്കിലും പറഞ്ഞില്ല. വലിയ കാര്യങ്ങള്‍ വീട്ടില്‍ സംസാരിക്കാനുള്ളതല്ലല്ലോ !
" ആ പ്രദീപ്‌ , വീഴാറായ തെങ്ങിന് മേലെ വലിഞ്ഞു കേറി എടുത്തതല്ലേ. ഇനി നമ്മളായിട്ട് അതിനെ  തുറന്നു വിട്ട അവനു എന്ത് തോന്നും'' മമ്മി പ്ലേറ്റ് എനിക്ക് നേരെ നീക്കി വെച്ചു. ഇനി കാണുമ്പോള്‍ പ്രദീപ് നോട് ഇക്കാര്യം പറയണം എന്ന് ഞാ൯  മനസ്സില്‍ ഉറപ്പിച്ചു 

''മനുഷ്യ൪ തൊട്ട കുഞ്ഞുങ്ങളെ പിന്നെ തള്ളക്കിളികള്‍ തിരിഞ്ഞു നോക്കില്ല. നമ്മള്‍ പറത്തി വിട്ടാലും അതിനു അറിവായിട്ടില്ലല്ലോ. വല്ല കാക്കയോ പരുന്തോ വന്നു റാഞ്ചിക്കൊണ്ട് പോകും. അതിലും ഭേദം അതാ കൂട്ടില്‍ തന്നെ കിടക്കുന്നതല്ലേ ?"-  പിറ്റേന്ന് രാവിലെ പ്രദീപ് എന്നെ നോക്കി അങ്ങനെ പറയുമ്പോള്‍ എനിക്കത് പൂ൪ണ്ണമായും വിശ്വസിക്കാ൯  പറ്റിയില്ലെങ്കിലും നിഷേധിക്കാനായില്ല . കാരണം അപ്പോള്‍ പുള്ളി എന്റെ ചെളി പറ്റിയ കാ൪  കഴുകി തുടക്കുകയായിരുന്നു.
''അടുത്ത മാസം ചെട്ടായീടെം ചേച്ചിയുടെയും പിള്ളേര് വരും. അപ്പോഴേക്കും ഇതുങ്ങള് വലുതാകും. അപ്പൊ നമുക്ക് പറത്തി വിടാം.'' - വായിച്ചു കൊണ്ടിരുന്ന പത്രത്തില്‍ നിന്നും മുഖം ഉയ൪ത്തി പപ്പ അങ്ങനെ പറഞ്ഞപ്പോള്‍ എനിക്കും അത് കൊള്ളം എന്ന് തോന്നി. വീട്ടിലെ ഏറ്റവും പുതിയ തലമുറയെ സ്വാതന്ത്ര്യത്തിന്റെ പാഠങ്ങള്‍ കാണിച്ച്  കൊടുത്ത് വീര പുരുഷ൯ ആകാനുള്ള അവസരം എന്തിനു നഷ്ടപ്പെടുത്തണം.  
ഞാ൯  കൂട്ടിലേക്ക് നോക്കി. സന്ദ൪ശക൪  കൂടുതലുണ്ട്. കേബിളിനു മുകളിലും കൂടിനരികിലുള്ള പേര മരത്തിലുമായി അഞ്ച് കിളികള്‍.  അമ്മക്കിളിയുടെ കൊക്കില്‍ ഇക്കുറി ഏതോ ചുവന്ന പഴമാണ്.

ഏതാണ്ട് ഒരാഴ്ച . അതിനകം തന്നെ തള്ളക്കിളി കുഞ്ഞുങ്ങള്‍ക്ക്‌ കല്പ്പിച്ച ഫുഡ്‌ ചാ൪ട്ട്   മമ്മി മനസ്സിലാക്കിയിരുന്നു. കൃത്യമായ ഇടവേളകളില്‍ പകല്‍ മുഴുവ൯  പഴങ്ങള്‍ ആണെങ്കില്‍ വൈകുന്നേരം നോണ്‍ വെജ് ആണ്.  ഓരോരുത്ത൪ക്കും  ഓരോ തവള ക്കുഞ്ഞുങ്ങള്‍ വീതം . അത്ഭുതം തോന്നി. ആര്ക്കും കൂടാതെ, കുറയാതെ ആ മൂന്നു കുഞ്ഞു തവളകളെ കൊത്തിയ്ര്ടുക്കാ൯  അവരെത്ര ദൂരം ചിറകടിച്ചു പറന്നിട്ടുണ്ടാകും. 
ആലോചിച്ചു നില്ക്കെ അപ്പുറത്ത് നിന്നും മമ്മിയുടെ ശബ്ദം കേട്ടു " നിനക്ക് പേരയ്ക്ക വേണോ ?"

രാവിലെ സിറ്റ് ഔട്ടില്‍ ഇരുന്നു പത്രം വായിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാ൯ . മമ്മി പതിവുള്ള ചായയുമായി വന്നു. വാ൪ത്തയില്‍ നിന്നും മുഖം ഉയ൪ത്താതെ   ചായ വാങ്ങുമ്പോള്‍ കനത്ത മുഖത്തോടെ  മമ്മി പറഞ്ഞു   
''ഇന്നലെ കിളിക്കൂട്ടില്‍ പാമ്പ് കയറി. രാവിലെ നോക്കുമ്പോള്‍ ആ മൂന്നു എണ്ണങ്ങളും ചത്ത്‌ കിടക്കുന്നു.''
ചെവിയില്‍ ഒരു തള്ളക്കിളിയുടെ നിലവിളി. 
എനിക്ക് കൈ പൊള്ളി. 
ചായ നിലത്തു വെച്ച് ഞാ൯ ആരെയൊക്കെയോ ചീത്ത വിളിച്ചു. 
മമ്മി എന്തൊക്കെയോ പറഞ്ഞു. 
പിന്നെ രണ്ടു പേരും മിണ്ടാതായി. 
ചെവിയില്‍ ആ നിലവിളി അപ്പോഴും മുഴങ്ങിക്കൊണ്ടേയിരുന്നു 

ഇപ്പോള്‍ ഞാ൯  ആ കൂടിനു അരികിലേക്ക് പോകാറില്ല. ഇന്നലെ വീടിനു പിന്നിലുള്ള മരത്തിനു ചോട്ടില്‍ നിന്ന് പല്ല് തേക്കുമ്പോള്‍ നിലത്തു ഒരു പഴുത്ത ആഞ്ഞിലിച്ചക്ക വീണു കിടക്കുന്നത് കണ്ടു. അത് കൊത്തിയെടുക്കേണ്ടായാള്‍ അപ്പുറത്തെ കേബിള്‍ ലൈനില്‍  ചിറകൊതുക്കി ഇരിക്കുന്നുണ്ടാകുമോ ? നോക്കാ൯  ധൈര്യം വന്നില്ല. ആ തള്ളക്കിളിയുടെ ഒരു നോട്ടം പോലും എന്നെ ഭസ്മമാക്കികളയും  എന്ന് തോന്നി. 
മമ്മി സിറ്റ് ഔട്ടില്‍ ചായ കൊണ്ട് വന്നു വെച്ചിട്ടുണ്ടെന്ന് പറഞ്ഞു.
ഞാ൯  ആ ആഞ്ഞിലി പഴം എടുത്തു ആകാശത്തേക്ക് വലിച്ചെറിഞ്ഞ് കളഞ്ഞു .





9 comments:

  1. സംബവാമി യുഗേ യുഗേ

    ReplyDelete
  2. മാത്തൂ..കൊള്ളാടാ... മച്ചാനെ !

    ReplyDelete
  3. ഒരു സങ്കടം മനസ്സില്‍ നിറച്ചു കളഞ്ഞു :(

    ReplyDelete
  4. nannaayittundu Maathzz... ennaalum enikku sanggadam aayitto... :(

    ReplyDelete
  5. Valare nannayittund,,,,,, heart touching lines :'(

    ReplyDelete
  6. vaayichu ..aanjili pazham valicheriyum munpe kannil urundu koodiya kanneerthullikal .. nannayirikkunu mathukutty...

    ReplyDelete