Tuesday, November 4, 2014

തിരുത്ത്

അവളാൽ ഉപേക്ഷിക്കപ്പെട്ടതിന്റെ അന്ന് തന്നെയാണ് ദൈവം പ്രത്യക്ഷപ്പെട്ടത് 
ഞാൻ ഒരേ സമയം അത്ഭുതത്തോടും നിരാശയോടും കൂടി ദൈവത്തെ നോക്കി 
ദൈവം പുഞ്ചിരിക്കുന്നു 
എനിക്ക് സഹിച്ചില്ല 

"അവൾ എന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞ അന്ന് 
ഞാൻ നിന്നോടും സമ്മതം ചോദിച്ചതല്ലേ 
അപ്പൊ നീ ആകാശത്ത് മഴവില്ല് വിരിയിച്ചു 
ഇനി പുതിയ വെളിച്ചവും നിറങ്ങളും എന്ന് വെളിപാട് തന്നു 
എല്ലാം തച്ചുടച്ച് കളയാനായിരുന്നു എങ്കിൽ പിന്നെ എന്തിനായിരുന്നു ആ മഴവില്ല് ? "

ദൈവം ഇളവെയിൽ പരത്തി ഒരിക്കൽ കൂടി പുഞ്ചിരിച്ചു  
പിന്നെ സൗമ്യതയോടെ മൊഴിഞ്ഞു 

വെളിപാടുകളെ തെറ്റിച്ച് വായിക്കാൻ നിന്നോടാരു പറഞ്ഞു 
നിന്നെ പണ്ട് പ്രണയിച്ചിരുന്നവരുടെ കണ്ണുനീരിൽ ചൂണ്ടു വിരലിൽ മുക്കി 
അന്ന് ആകാശത്തിന്റെ ചെരുവിൽ ഞാൻ മഴവില്ല് വരക്കുമ്പോൾ 
എന്റെ മനസ്സിൽ നോഹയും മലയിൽ ഉറച്ച് പോയ അവന്റെ പെട്ടകവുമായിരുന്നു
ഞാൻ ഒന്നേ ഉദ്യേശിച്ചുള്ളൂ 

നിന്റെ പ്രണയ മഴക്ക് തോരാൻ സമയമായി !!