''അടുത്ത ജൂലൈ മാസത്തില്‍ ചേട്ടായിയും ചേച്ചിയും വരും. ആ വരവിനെന്തായാലും....'' പല തവണ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. മമ്മി ഒരിക്കലും ആ വാചകം പൂര്‍ത്തിയാക്കാറില്ല . നിന്നെ പിടിച്ചങ്ങ് കല്യാണം കഴിപ്പിച്ചു കളയും എന്ന് തുറന്നു പറയാനുള്ള മടി കൊണ്ടാകും. എന്തെങ്കിലുമാകട്ടെ. എന്‍റെ പ്രശ്നം അതല്ല. മമ്മി ഇത് പറയുമ്പോഴൊക്കെ നാലാം ക്ലാസ്സില്‍ ഒപ്പം പഠിച്ച ജോഷി എന്‍റെ മുഖത്ത് നോക്കി പറഞ്ഞ ഒരു dialog ഓര്‍മ്മ വരും.
സ്കൂളിന്‍റെ പിറകു വശത്തുള്ള മൂത്രപ്പുരക്ക് സമീപം ആരോ ഒരു ആവശ്യവുമില്ലാതെ കെട്ടി പൊക്കിയിരിക്കുന്ന അരമതില്‍ വളരെ സിമ്പിള്‍ ആയി എടുത്തു ചാടിയാണ് അവന്‍ അത് പറഞ്ഞത്
''നിനക്ക് പൊക്കമില്ല ''
കുഞ്ഞിതിലെ ദൂരദര്‍ശനിലു വന്ന പഴയ ഏതോ പട്ടാള സിനിമ കണ്ടു ജീവിതത്തില്‍ ഒരു പട്ടാളക്കാരനെ ആകൂ എന്ന് ഉറച്ച തീരുമാനം എടുത്തിരിക്കുന്നവനാണ് ഞാന്‍. ആ എന്നെ നോക്കി അവന്‍ വീണ്ടും പറഞ്ഞു.
''പോക്കമില്ലാത്തവരെ പട്ടാളത്തില്‍ എടുക്കില്ല..''
ഭീകരം ! മഞ്ഞു മൂടിക്കിടക്കുന്ന താഴ്വരകള്‍ക്ക് ചോട്ടില്‍ ഇരുന്നും നിന്നും ശത്രു സൈന്യത്തിന് നേരെ ഞാന്‍ തോടുക്കാനിരിക്കുന്ന നൂറു നൂറു മിസ്സൈലുകള്‍ , ആയിരമായിരം വെടിയുണ്ടകള്‍.. എല്ലാം എനിക്ക് നേരെ തന്നെ തീ തുപ്പുകയാണ്. വായില്‍ പുകയുമായി മുന്നില്‍ 4 ബി യിലെ എന്‍റെ കൂട്ടുകാരന്‍ . ദുഷ്ടന്‍ !
''നമ്മുടെ ബാപ്പക്കും ഉമ്മിച്ചിക്കും പൊക്കമുണ്ടെങ്കി നമുക്കും പൊക്കൊണ്ടാവും "
സ്കൂളില്‍ നിന്നും ബാഗും തൂക്കി വീട്ടിലേക്കു തിരിച്ചു നടക്കുന്നതിനിടയിലാണ് അബ്ദുള്ള ആ ഭീകര രഹസ്യം എന്നോട് പറഞ്ഞത്. എന്റെ പപ്പക്കും മമ്മി ക്കും പൊക്കം കുറവാണ്. പക്ഷെ അങ്ങനാണെങ്കി താഴത്തെ വീട്ടിലെ എല്‍ദോക്ക് എങ്ങനെ പൊക്കം വന്നു ?? മമ്മി യോട് തന്നെയാണ് ചോദിച്ചത്. നീണ്ട നിശബ്ദതയ്ക്ക് ശേഷം ഉത്തരം വന്നു.
''അവന്‍റെ മമ്മിടെ അപ്പച്ചന് നല്ല പോക്കമാ .. അങ്ങനെ കിട്ടിതാ ..'' ഞാന്‍ എന്‍റെ പൂര്‍വികരെ സ്മരിച്ചു.
''നിങ്ങള്‍ക്കൊക്കെ ഇത്തിരി കൂടി പൊക്കം അവായിരുന്നില്ലേ ?? കുമ്മനോട്ടിലെ തറവാടിന്റെ ഭിത്തിയില്‍ ഇരുന്നു ഇളം മഞ്ഞ നിറത്തില്‍ അപ്പച്ചന്‍ ചിരിച്ചു
Royal Enfield പിന്നെ പാക്കിസ്ഥാനിലെ പെണ്‍കുട്ടികള്‍. എന്‍റെ ഈ രണ്ടു വീക്നെസ്സുകളില്‍ ആദ്യത്തേത് ഒരു സെക്കന്റ് ഹാന്‍ഡ് ബുള്ളറ്റ് മേടിച്ചങ്ങു തീര്‍ത്തു (അപ്പോഴും നിനക്ക് കാലെത്തുമോ എന്ന് ചോദിച്ച ചില തെണ്ടികളുണ്ട്) പക്ഷെ പകിസ്ഥാനിലേത് പോലത്തെ പെണ്‍കുട്ടികള്‍ . അതൊരു രക്ഷയുമില്ല. എല്ലാം ആറടിക്ക് അടുത്ത ഉയരത്തില്‍ നീണ്ടു നിവര്‍ന്ന് നിന്ന് എന്നെ നോക്കുമ്പോ.. ഹോ !
കോളേജിലെ പഠന കാലത്ത് അങ്ങനെ കണ്ട ഒരുത്തിയെ പറ്റി കൂട്ടുകാരനോട് പറഞ്ഞു
കോളേജിലെ പഠന കാലത്ത് അങ്ങനെ കണ്ട ഒരുത്തിയെ പറ്റി കൂട്ടുകാരനോട് പറഞ്ഞു
''കൊള്ളാലെ ? ''
അവന്റെ മറുപടി പെട്ടെന്നായിരുന്നു.
''കൊള്ളാം. പക്ഷെ നിനക്ക് പറ്റില്ല. നല്ല പൊക്കം ''
നിവര്‍ന്നു നില്‍ക്കുന്ന അവനെ ചാടി ഒരിടി കൊടുക്കാന്‍ ആണ് ആദ്യം തോന്നിയത്. സംയമനം പാലിച്ചു പറഞ്ഞു.
''എനിക്ക് പറ്റിയത് എന്‍റെ മക്കള്‍ക്ക് പറ്റരുത് !''
കേരളത്തിലെ പെണ്‍കുട്ടികള്‍ . പ്രേത്യേകിച്ചും പൊക്കമുള്ള പെണ്‍കുട്ടികള്‍. അവര്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ ഭാര്യയെ പോലെ അഡ്വാന്‍സ്ഡ് ആയി ചിന്തിക്കുന്നില്ല എന്ന് എനിക്ക് പലപ്പോഴും തോനിയിട്ടുണ്ട്. ഭാര്യ Carla Bruni ക്ക് പ്രസിഡണ്ട് Nicolas Sarkozy യെക്കാളും നല്ല പൊക്കം കൂടുതലാണ്. സംശയമുണ്ടെങ്കി പരിശോധിക്കാം. പക്ഷെ ഇവര്‍ക്കിത് വല്ലതും അറിയാമോ. ബുദ്ധി ശുന്യകള്‍ ! വെറുതെയല്ല പ്രേം നസീര്‍ ഈ വര്‍ഗ്ഗത്തിനെ മുഴുവന്‍ മണ്ടിപ്പെണ്ണ് എന്ന് വിളിച്ചു അടച്ചു ആക്ഷേപിച്ചത്. നന്നായിപ്പോയി !
ജൂലൈ അടുക്കുന്നു. വീട്ടുകാര്‍ അധികം പൊക്കമില്ലാത്ത പെണ്‍കുട്ടികളെ തിരഞ്ഞു തുടങ്ങിയിരിക്കുന്നു. ''ഞാന്‍ പൊക്കമുള്ള പെണ്ണിനെ മാത്രമേ കെട്ടൂ..'' എന്ന് പറഞ്ഞു നിലവിളിക്കണം എന്നുണ്ട്. സ്വപ്നം കണ്ടതൊന്നും നടക്കാന്‍ പോകുന്നില്ല എന്ന ഭയം എന്നെ ഗ്രസിച്ചിരിക്കുന്നു. പ്രാര്‍ഥിക്കണം. ''നമ്മളില്‍ ആര്‍ക്കാണ് കൂടുതല്‍ പൊക്കം'' എന്ന് ചോദിക്കുമ്പോഴൊക്കെ എന്‍റെ തോളോട് തോള്‍ ചേര്‍ന്ന് നിന്ന നിങ്ങള്‍ക്കായി ഞാന്‍ ഈ ബ്ലോഗ് സമര്‍പ്പിക്കുന്നു !