Friday, May 8, 2015

സെൽഫി

Front Cam മാത്രം പ്രവർത്തിക്കുന്ന മൊബൈൽ ഫോണുകളെ പോലെ പുതിയ (ഭരണ)കാലം 
പിന്നിലെ കാഴ്ചകളെ അത്രയും അത് മറന്നു കളയുന്നു 
ഓരോ ക്ലിക്കും അവനവനിലേക്ക്‌ മാത്രം തുറക്കുന്ന ജാലകങ്ങൾ !

Friday, December 19, 2014

സ്വാതന്ത്ര്യം


ഓഫീസ് ഭിത്തിയിലെ തണുപ്പൻ യന്ത്രത്തിന്റെ പാളിയിൽ 
സ്വന്തം മടുപ്പ് എഴുതി വെക്കുക 
താഴ്‌വാരങ്ങളിലെ വയല്പ്പൂക്കളുടെ മണമുള്ള കാറ്റിൽ 
നമുക്ക്  കൈ വിരിച്ചു പിടിക്കാൻ  സമയമായിരിക്കുന്നു  
ഇവിടുത്തെ തിളങ്ങുന്ന മാർബിൾ കളങ്ങളിൽ 
നമ്മൾ ആരോ നിയന്ത്രിക്കുന്ന കരുക്കൾ മാത്രമാണ് 
കുരുങ്ങിപ്പോയ കാലുകളെ വലിച്ചെടുക്കുക 
ഇനി പാദങ്ങൾ പച്ച മണ്ണിന്റെ തണുപ്പും നോവുമറിയട്ടെ
അതിരാവിലെ ആരോ താഴെ വച്ച ഭാരം വീണ്ടുമുയർത്തി 
പാഴാക്കാനുള്ളതല്ല നിന്റെ വിയർപ്പ്  
അത് ഉഴുതിട്ട മണ്ണടരുകളിലേക്ക് പടർന്നു കയറാനുള്ളതാണ് 
ആ നനവിൽ ഉറങ്ങിക്കിടന്ന വിത്തുകൾക്ക് മുള പൊട്ടട്ടെ 

മറക്കരുത് 

നീ ചട്ടികളിൽ വളരാനുള്ളതല്ല 
ആകാശങ്ങളിലേക്ക്  കൈകൾ വിരിച്ച്  പടർന്നു പന്തലിക്കാനുള്ളതാണ് 

Tuesday, November 4, 2014

തിരുത്ത്

അവളാൽ ഉപേക്ഷിക്കപ്പെട്ടതിന്റെ അന്ന് തന്നെയാണ് ദൈവം പ്രത്യക്ഷപ്പെട്ടത് 
ഞാൻ ഒരേ സമയം അത്ഭുതത്തോടും നിരാശയോടും കൂടി ദൈവത്തെ നോക്കി 
ദൈവം പുഞ്ചിരിക്കുന്നു 
എനിക്ക് സഹിച്ചില്ല 

"അവൾ എന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞ അന്ന് 
ഞാൻ നിന്നോടും സമ്മതം ചോദിച്ചതല്ലേ 
അപ്പൊ നീ ആകാശത്ത് മഴവില്ല് വിരിയിച്ചു 
ഇനി പുതിയ വെളിച്ചവും നിറങ്ങളും എന്ന് വെളിപാട് തന്നു 
എല്ലാം തച്ചുടച്ച് കളയാനായിരുന്നു എങ്കിൽ പിന്നെ എന്തിനായിരുന്നു ആ മഴവില്ല് ? "

ദൈവം ഇളവെയിൽ പരത്തി ഒരിക്കൽ കൂടി പുഞ്ചിരിച്ചു  
പിന്നെ സൗമ്യതയോടെ മൊഴിഞ്ഞു 

വെളിപാടുകളെ തെറ്റിച്ച് വായിക്കാൻ നിന്നോടാരു പറഞ്ഞു 
നിന്നെ പണ്ട് പ്രണയിച്ചിരുന്നവരുടെ കണ്ണുനീരിൽ ചൂണ്ടു വിരലിൽ മുക്കി 
അന്ന് ആകാശത്തിന്റെ ചെരുവിൽ ഞാൻ മഴവില്ല് വരക്കുമ്പോൾ 
എന്റെ മനസ്സിൽ നോഹയും മലയിൽ ഉറച്ച് പോയ അവന്റെ പെട്ടകവുമായിരുന്നു
ഞാൻ ഒന്നേ ഉദ്യേശിച്ചുള്ളൂ 

നിന്റെ പ്രണയ മഴക്ക് തോരാൻ സമയമായി !!

Wednesday, October 22, 2014

വേര്‍തിരിവ്

നഷ്ട പ്രണയമെന്നാല്‍ നമ്മള്‍ തിരസ്ക്കരിക്കപ്പെട്ട പ്രണയങ്ങള്‍ മാത്രമാണ്
നമ്മളാൽ തിരസ്ക്കരിച്ചതിനെ അത് സൗകര്യപൂ൪വ്വം മറന്ന് കളയുന്നു !

Monday, October 20, 2014

വിതക്കുന്നവര്‍



കല്ലായിരുന്നു നെഞ്ചില്‍
കണ്ണ് നീരിന്റെ ചാല് കീറി നീയാണ് അത് ഉഴുതു മറിച്ചത്
ഇനി ഈ നിലത്തില്‍ വീഴുന്ന ഒരു കതിരും പതിരായി പോവില്ല
ഇവിടെ പൂവിടുന്ന ഓരോ ചെടിക്കും നിന്റെ സുഗന്ധമുണ്ടായിരിക്കും
വരും തലമുറകള്‍ക്കുള്ള വളം ഞാനായിരിക്കും 

Sunday, May 25, 2014

പിന്‍വിളി

പെണ്ണ് കെട്ടിയവന്‍ വളര്‍ത്ത് നായകളെ പോലെയാണ് 
തുടല് പൊട്ടിച്ചാലും അന്തിയാകുമ്പോള്‍ കൂട് വിളിക്കും 

Thursday, April 24, 2014

കടലിനു മീതെ സഞ്ചരിക്കുന്നവര്‍

ചിറകുകള്‍ ഉള്ളവരാണ് കടലിനു മീതെ സഞ്ചരിക്കുന്നത് 
സൂര്യന് കുറുകെ പറക്കുന്ന കടല്‍ കാക്കകള്‍ക്ക് മാത്രമല്ല 
തിരയില്‍ നിന്നും തിരയിലേക്ക് എടുത്തെറിയപ്പെടുന്ന പടകിനും ഉണ്ടത് 

ഓളത്തിനു മീതെ വരുന്ന ക്രിസ്തുവിനെ നോക്കു 
ആ ചുമലുകളിലുമില്ലെ അദൃശ്യമായ ചിറകുകള്‍ !

നിങ്ങള്‍ തിരകള്‍ക്ക് മീതെ ആയിരിക്കുമ്പോഴും പറന്നുയരുന്നില്ലെങ്കില്‍
സുഹൃത്തേ..
നിങ്ങള്‍ക്ക്  ചുവട്ടിലുള്ളത് ചാവ് കടലാണ് !!